Thursday, January 04, 2018

പകർപ്പവകാശം, വിക്കിപീഡിയ, ക്രിയേറ്റീവ് കോമൺസ്

“വിക്കിപീഡിയ പോസ്റ്റ് / ആർട്ടിക്കിൾ വല്ലതും സോമനടിക്കപ്പെട്ടിട്ടുണ്ടോ എന്ന് കൂടി നോക്കൂ.. CC ലൈസൻസ് ആയത് കൊണ്ട് കേസ് കൊടുക്കാൻ പറ്റില്ല എന്ന് മാത്രം!” - Ganesh Narayanan
.
കേസ് കൊടുക്കാൻ പറ്റില്ല എന്നു് ആരു പറഞ്ഞു? വിക്കിപീഡിയയിൽ നിന്നായാൽ പോലും രണ്ടു കാര്യം നിർബന്ധമാണു്.
1. പകർത്തിയതു് എവിടേനിന്നാണെന്നും (Attribution- BY)
2. അതു സൗജന്യമായി ലഭിച്ചതാണെന്നും സൗജന്യമായി ആർക്കും വീണ്ടും പകർത്താവുന്നതാണെന്നും (Share Alike -SA)
വ്യക്തമായി പകർപ്പിൽ പരാമർശിച്ചിരിക്കണം.
.
അതിനാണു് CC-BY-SA എന്നു പറയുന്നതു്.
.
ഈ ഫേസ്‌ബുക്കിലെ എഴുത്തുകൾക്കും ചിത്രങ്ങൾക്കും കൂടി അതു ബാധകമാണു്.
ഇതൊന്നും ചെയ്തില്ലെങ്കിൽ വിക്കിപീഡിയയിൽ നിന്നായാലും പണി പാലും‌വെള്ളത്തിൽ തന്നെ പാഴ്സലായി വരും! വിക്കിമീഡിയ ഫൗണ്ടേഷനിൽ ഇത്തരം കാര്യങ്ങൾ ഒരരുക്കാക്കാൻ വേണ്ടി മാത്രം ഒരു പ്രധാന ഡിപ്പാർട്ട്‌മെന്റ് തന്നെയുണ്ടു്.
.
.
ഈയിടെ, ഒരു കളവുസാഹിത്യകാരന്റെ ഇരകളായി ചുരുങ്ങിയതു മൂന്നുപേരെങ്കിലും തിരിച്ചറിയപ്പെട്ടു. ബിലായത്ത് പൗരനായ കാരൂർ സോമൻ എഴുതിയ ഒരൊറ്റ ‘സ്വന്തം’ യാത്രാവിവരണപ്പുസ്തകത്തിലെ 200 പേജുകളിൽ പകുതിയിലേറെ അവരുടെ ബ്ലോഗിൽ നിന്നും ഇസ്കിയെടുത്ത വിവരങ്ങളായിരുന്നു. 51 പുസ്തകങ്ങൾ ഇതിനകം അച്ചടിച്ചിറക്കി എന്നവകാശപ്പെടുന്ന കാരൂരാൻ അതിൽ എത്രയെണ്ണം എത്ര പേരുടെ പുസ്തകങ്ങളോ ഓൺലൈൻ രചനകളോ കോപ്പിയടിച്ചുണ്ടാക്കിയതാവാമെന്നു് ദൈവത്തിന്റെ ലോഗ് ബുക്കിൽ പോലും കണ്ടെന്നു വരില്ല. വല്ലവരുടേയും ഒരു പഴയ പാസ്സ്പോർട്ട് പേജിന്റെ കോപ്പി കിട്ടിയാൽ അതിലെ വിസയുടേയും ഇമ്മിഗ്രേഷൻ സ്റ്റാമ്പിന്റേയും സ്കാൻ കോപ്പി വരെ പുള്ളിക്കാരൻ വല്ല നിഴലെഴുത്തുകാരെയും വാടകയ്ക്കുവിളിച്ച് യാത്രാവിവരണമാക്കി മാറ്റും എന്നാണു് ബാക്കിവരുന്ന ഒരു ആശങ്ക. സ്വന്തം പാസ്സ്‌പോർട്ടുകൾ, പഴയതായാൽ പോലും, അലസമായി ഉപേക്ഷിക്കാതിരിക്കാൻ ഒരു കാരണം കൂടിയായി.
.
എന്തായാലും, അതേക്കുറിച്ചുള്ള ഒരു പോസ്റ്റിൽ ഒരു സുഹൃത്തു് Ganesh Narayanan എഴുതിയിട്ട കമന്റും അതിന്റെ മറുപടിയുമാണു് മുകളിൽ ഉദ്ധരിച്ചതു്.
.
.
വിക്കിപീഡിയയിൽ സൗജന്യമായി വായിക്കാവുന്നവയൊക്കെ ആർക്കും എങ്ങനെയും പകർത്തി പുനഃപ്രസിദ്ധീകരിക്കാം എന്നൊരു ധാരണ മിക്ക ഇന്റർനെറ്റ് ഉപയോക്താക്കൾക്കും ഉണ്ടു്. എന്നാൽ അതു തികച്ചും അബദ്ധമായ ഒരു ധാരണയാണു്!
.
വിക്കിപീഡിയയും അതോടനുബന്ധിച്ച മറ്റു സൈറ്റുകളും (വിക്കിമീഡിയ കോമൺസ്, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു...) സ്വതന്ത്രമാണു്. സൗജന്യവുമാണു്. എന്നാൽ അതിനർത്ഥം അവയൊക്കെ വെറുതെ കോപ്പിയടിച്ചു് സ്വന്തം രചന എന്നു് അവകാശപ്പെടാം എന്നല്ല.
.
സ്വതന്ത്രം, സൗജന്യം - ഈ രണ്ടു മലയാളം അർത്ഥങ്ങൾക്കും ഇംഗ്ലീഷിൽ സാധാരണയായി ഒരൊറ്റ വാക്കേ ഉള്ളൂ. Free. പക്ഷേ ഇംഗ്ലീഷിൽ പോലും അതിനു് രണ്ടർത്ഥങ്ങളും പ്രസക്തമാണു്.
.
ഒന്നാമത്തെ അർത്ഥം: സ്വതന്ത്രം - എന്നാൽ, അത്തരം വിവരങ്ങൾ ആർക്കും പ്രത്യേകം ചോദിച്ചുവാങ്ങാതെത്തന്നെ മറ്റൊരിടത്തു് പങ്കുവെക്കുകയോ പകർത്തി എഴുതുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യാം എന്നതാണു്. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ ചില വ്യവസ്ഥകൾ നിർബന്ധമായും പാലിക്കേണ്ടി വരും. ഇല്ലെങ്കിൽ, ഇന്നോ നാളെയോ നിയമപ്രശ്നങ്ങളും നഷ്ടപരിഹാരത്തിന്റെ തലവേദനകളും ജയിൽ ശിക്ഷ പോലും ഉണ്ടായെന്നു വരാം.
ഹോട്ടലിലോ സ്വർണ്ണക്കടയിലോ പോലല്ല, റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റോപ്പിലോ കാണുന്ന ഇരിപ്പിടങ്ങളിൽ ആരോടും ചോദിക്കാതെത്തന്നെ ഊരയുറപ്പിച്ച് ഇരിക്കാം. പക്ഷേ അതിനർത്ഥം ആ കസേരമേൽ തെറിപ്പടം കോറിവരച്ചിടാമെന്നോ സ്വന്തം മൊബൈൽ നമ്പറും പേരും എഴുതിച്ചേർക്കാമെന്നോ അല്ലെങ്കിൽ അതെടുത്തുകൊണ്ടുപോയി ഇരുമ്പുതൂക്കത്തിനു് ഉരുക്കിവിൽക്കാമെന്നോ അല്ല. സ്വാതന്ത്ര്യം എപ്പോഴും നിബന്ധനകളുടെ അകമ്പടിയും കൂട്ടിയാണു വരിക.
.
.
രണ്ടാമത്തെ അർത്ഥം: സൗജന്യം - എന്നാൽ, അത്തരം വിവരങ്ങൾ വായിക്കാനോ പങ്കുവെക്കാനോ പകർത്തി പുനഃപ്രസിദ്ധീകരിക്കാനോ നിങ്ങൾ പണം കൊടുക്കേണ്ടതില്ല എന്നാണു്. അങ്ങനെ ചെയ്യാൻ വേണ്ട കമ്പ്യൂട്ടർ / മൊബൈൽ ഫോൺ, ഇന്റർനെറ്റ് കണൿഷൻ, ഡാറ്റ സ്ട്രീം എന്നിവയ്ക്കെല്ലാം പണം കൊടുക്കുന്നുണ്ടാവാം. പക്ഷേ, വായിക്കുന്ന ടെക്സ്റ്റ്, ചിത്രം, ശബ്ദം, വീഡിയോ എന്നിവയ്ക്കു് പ്രത്യേകം എന്തെങ്കിലും ഫീസോ റോയൽടിയോ നൽകേണ്ടതില്ല.
എന്തൊക്കെയാണു് ഈ സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥകൾ?
.
നിലവിൽ, വിക്കിപീഡിയയിലെ ട്ടെക്സ്റ്റ് ഉള്ളടക്കത്തിനെ സംബന്ധിച്ച്, സാധാരണ ഉപയോഗിക്കുന്ന ലൈസൻസ് CC BY-SA 3.0 ആണു്.
ആ വ്യവസ്ഥകളനുസരിച്ച്,
വിക്കിപീഡിയയിലെ “ടെക്സ്റ്റ്“ പകർത്തി സൂക്ഷിക്കാനോ അല്ലെങ്കിൽ അച്ചടിച്ചോ ഓൺലൈനോ ആയി വിതരണം ചെയ്യാനോ അനുവാദമുണ്ടു്. കൂടാതെ, അത്തരം ടെക്സ്റ്റ്, അർത്ഥവ്യത്യാസം ഉണ്ടാക്കാതെ ആവശ്യം പോലെ ‘കൂട്ടിക്കുഴച്ച്‘ (re-mix) പുതിയ രചനയാക്കാനും അനുവാദമുണ്ടു്.
അങ്ങനെ പകർത്തിയോ കൂട്ടിക്കുഴച്ചോ നിർമ്മിച്ച രചന പണം പ്രതിഫലമായി വാങ്ങി വിൽക്കാൻ പോലും അനുവാദമുണ്ടു്!
പക്ഷേ,
രണ്ടു പ്രധാന നിബന്ധനകളുണ്ടു്.
1. കടപ്പാടു്:
ഫേസ്‌ബുക്ക് പോസ്റ്റുകളിലും വാട്ട്സ്ആപ്പ് ഫോർവേഡുകളിലുമൊക്കെ (തെറ്റായി) കാണാറുള്ളതുപോലെ, വെറുതെ കടപ്പാട് എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടു കാര്യമില്ല.
ഒന്നുകിൽ സ്രോതസ്സ് (മൂലാധാരം) ആയ വിക്കിപീഡിയ ലേഖനത്തിന്റെ ഇന്റർനെറ്റ് ലിങ്ക് (URL) ഒപ്പം ചേർക്കണം. ഈ ലേഖനത്തിന്റെ ഉറവിടം ആ ലിങ്കാണു് എന്ന അടിസ്ഥാനസൂചന നൽകുക മാത്രമേ അതുവഴി ചെയ്യുന്നുള്ളൂ. എങ്കിലും യാതൊരു കടപ്പാടും വെക്കാതിരിക്കുന്നതിലും ഭേദമാണതു്. പൊതുവേ, അങ്ങനെ മാത്രമെങ്കിലും ചെയ്താൽ ആരും കർക്കശമായ നിയമനടപടികളിലേക്കു പോവാറില്ല.
കൂടുതൽ ശരിയായ വഴി, ഏതു CCലൈസൻസ് പ്രകാരമാണു് ഇതു പകർത്തിയെഴുതിയിട്ടുള്ളതു് എന്നുകൂടി ലേഖനത്തോടൊപ്പം ചേർത്തെഴുതുകയാണു്. പലപ്പോഴും നാമൊന്നും അത്രത്തോളം പോവാറില്ല.
ഉദാ: CC-BY-SA 3.0 അല്ലെങ്കിൽ CC-NC-ND
വിക്കിപീഡിയയിലെ ടെക്സ്റ്റിനു മാത്രമാണു് ഈ അനുവാദങ്ങളും നിബന്ധനകളും ബാധകം. വിക്കിപീഡിയയിലടക്കവും മിക്കവാറും മറ്റെല്ലാ വെബ് സൈറ്റുകളിലും ചിത്രങ്ങൾക്കും വീഡിയോകൾക്കും മറ്റും ചില സന്ദർഭങ്ങളിൽ ഇത്രത്തോളം അയഞ്ഞ അനുവാദങ്ങൾ ലഭ്യമായില്ലെന്നു വരും!
ഉദാ:
1. ന്യായോപയോഗം: ഒരു സിനിമയുടെ ലേഖനത്തിൽ അതിന്റെ പോസ്റ്റർ ചിത്രം കണ്ടേക്കാം. എന്നാൽ ന്യായോപയോഗം (Fair use rights) എന്ന ഒഴികഴിവിൽ ചേർത്തിട്ടുള്ള, റിസൊലൂഷൻ തീരെക്കുറഞ്ഞ ഒരു ചിത്രം മാത്രമായിരിക്കും അതു്. ആ ഒരു ലേഖനത്തിന്റെ ആവശ്യത്തിനുമാത്രം, ആ ഒരു ലേഖനത്തിൽ മാത്രം ചേർക്കാനുള്ള ലൈസൻസ് ആയിരിക്കും അതിനുണ്ടാവുക. അതേ ചിത്രം കോപ്പിയടിച്ച് മറ്റൊരിടത്തു് ഉപയോഗിക്കുന്നതു് നിയമവിരുദ്ധമായിരിക്കും!
ഇതുപോലെ, പ്രശസ്തവ്യക്തികളുടെ ചെറിയ ഫോട്ടോകൾ, (അല്ലെങ്കിൽ രേഖാചിത്രങ്ങൾ) , ന്യൂസ് പേപ്പർ കട്ടിങ്ങുകൾ, കമ്പനികളുടെ ലോഗോകൾ തുടങ്ങിയവയെല്ലാം ന്യായോപയോഗത്തിന്റെ പരിധിയിൽ വരാം.
2. പകർപ്പവകാശങ്ങൾ നിലനിൽക്കുന്നവയുടെ ഫോട്ടോകളുടെ പകർപ്പവകാശം: വാസ്തുശില്പപരമോ സാങ്കേതികമോ ആയ പകർപ്പവകാശങ്ങളുള്ള കെട്ടിടങ്ങളുടേയും നിർമ്മിതികളുടേയും കരകൗശലവസ്തുക്കളുടേയും ശിൽപ്പങ്ങളുടേയും മറ്റും ഫോട്ടോകൾ.
പാവം ഗ്രാമീണസ്ത്രീകൾ തെരുവോരത്തു് വിൽക്കാൻ വെച്ചിരിക്കുന്ന ജിംക്കിക്കമ്മലുകൾക്കും കളിമൺപാവകൾക്കും പിറന്നാൾ പാർട്ടിയിൽ മുറിക്കുന്ന കേക്കിനുപോലും കലാപരമായ ബൗദ്ധികാവകാശങ്ങൾ ഉണ്ടു്. യൂറോപ്പിലും മറ്റും അവയൊക്കെ ഗൗരവമായ കാര്യങ്ങളാണു താനും. നമ്മളൊക്കെ ഇനിയും അതൊക്കെ പഠിച്ചുവരുന്നേയുള്ളൂ എന്നു മാത്രം!
3. സ്വകാര്യത: സെലബ്രിറ്റികളായ മഞ്ജു വാര്യരുടേയും മോഹൻ ലാലിന്റെയുമൊക്കെ പൊതുവേദിയിൽ നിൽക്കുന്ന ഫോട്ടോ എടുത്തു് നമുക്കു് പബ്ലിഷ് ചെയ്യാമോ? മിക്കപ്പോഴും ആവാം. എന്നാൽ അവർക്കു് ഇഷ്ടമില്ലാത്ത ഒരു ആംഗിളിലോ അവസരത്തിലോ സന്ദർഭത്തിലോ ആണെങ്കിൽ അവർക്കു് നിയമപരമായി പരാതിപ്പെടാം. മുൻകൂട്ടി വാങ്ങിവെച്ചിട്ടുള്ള പ്രത്യേകമായ സ്വകാര്യതാ-അനുവാദത്തിന്റെ തെളിവുകൾ കാണിക്കേണ്ടി വരും! അത്രയൊന്നും സെലബ്രിറ്റിയല്ലാത്ത ഒരു സുന്ദരിക്കൊച്ചിന്റെ, ബസ്സിലോ കവലയിലോ മറ്റോ വെച്ചെടുത്ത ഒരു ഫോട്ടോയാണെങ്കിലോ? നാട്ടിലെ നിയമങ്ങൾ കൃത്യമായി പറയുന്നുണ്ടെങ്കിൽ, മറ്റുതരം ലൈസൻസുകളെയൊക്കെ ആ നിയമങ്ങൾ ഓവർ റൂൾ ചെയ്യും.
4. അതാതു രാജ്യങ്ങളിലെ നിയമങ്ങൾക്കു വിരുദ്ധമായ ചിത്രങ്ങൾ:
ഉദാ: ഇന്ത്യയിലെ റെയ്ൽവേ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, ആശുപത്രികളുടെ ഉൾഭാഗങ്ങൾ, സർക്കാർ ഓഫീസുകൾ, കോടതികൾ തുടങ്ങിയവയുടേയും ഭൂനിരപ്പിന്റെ വിമാനത്തിൽനിന്നുമുള്ള വീക്ഷണത്തിലേയും ചിത്രങ്ങൾ ഇപ്പോഴും നീയമവിരുദ്ധമാണു്! പ്രാചീനകാലത്തു് ഉണാക്കിവെച്ച അത്തരം നിയമങ്ങളിൽ പലതും ഇപ്പോൾ സാങ്കേതികമായി അപഹാസ്യമാണെങ്കിൽപ്പോലും, നിയമമല്ലേ? അതിനു കണ്ണും മൂക്കുമില്ല. കല്പന കല്ലേപ്പിളർക്കും!

വിക്കിപീഡിയയിൽ മാത്രമല്ല, ഫേസ്‌ബുക്കിലും ബ്ലോഗുകളിലും യു-ട്യൂബിലും മറ്റുതരം ഇന്റർനെറ്റ് വെബ് സൈറ്റുകളിലും വാട്ട്സ്‌ആപ്പിലും എല്ലാം സമാനമായ പുനരുപയോഗനിബന്ധനകളുണ്ടു്. ഒരു സ്ക്രീൻഷോട്ട് എടുത്തു് പോസ്റ്റ് ചെയ്യുന്നതുപോലും ശരിക്കും നിയമാനുസാരിയായ പ്രവൃത്തിയല്ല.
എന്നാൽ, ഫേസ്‌ബുക്കിലും മറ്റും ഷെയർ ചെയ്യുന്നതു ശരിയല്ലേ? അതെ. പക്ഷേ ഷെയർ ചെയ്യുന്നതും കോപ്പി പേസ്റ്റ് ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടു്. ഒരാൾ പോസ്റ്റു ചെയ്ത ലേഖനം ഷെയർ ചെയ്യുമ്പോൾ ഒപ്പം തന്നെ അതിന്റെ മൂലാധാരമായ ലിങ്ക് ലഭ്യമാക്കുകയാണു ചെയ്യുന്നതു്. പിന്നീട് മൂലരചയിതാവ് അയാളുടെ പോസ്റ്റിൽ എന്തെങ്കിലും തിരുത്തുകൾ വരുത്തുകയോ പോസ്റ്റു തന്നെ നീക്കം ചെയ്യുകയോ ചെയ്താൽ ഷെയർ ചെയ്തയിടത്തും ആ മാറ്റം പ്രതിഫലിക്കും. അതേ സമയം, ഒറിജിനൽ ടെക്സ്റ്റോ ചിത്രമോ കോപ്പി ചെയ്തു് പകർത്തി വെച്ചാൽ അതു് മൂലകൃതിയുമായി ബന്ധമില്ലാത്ത ഒരു ‘dead copy' ആയിരിക്കും. അതു് രചനാമോഷണമായി കണക്കാക്കാം.
ക്രിയേറ്റീവ് കോമൺസ്
=================
ഓരോ ലേഖനങ്ങൾക്കും പോസ്റ്റുകൾക്കും ഒപ്പം ഇത്തരം നിയമങ്ങളും വ്യവസ്ഥകളും ചേർത്തുവെക്കുന്നതു് അനാവശ്യമായ ദുർവ്യയമല്ലേ? അതിനാൽ, പൊതുവേ ഒരേപോലെയുള്ള പകർപ്പവകാശനിബന്ധനകളെയെല്ലാം ഒരുമിച്ചുചേർത്തു് ഒരു പൊതുരൂപമാക്കി, അവയെല്ലാം സശ്രദ്ധവും സൂക്ഷ്മവുമായ വാക്കുകളും വാചകങ്ങളുമുപയോഗിച്ച് എഴുതിയുണ്ടാക്കിയ പൊതു-നിയമാനുവാദരേഖകൾ അഥവാ സ്റ്റാൻഡേർഡ് ലൈസൻസുകളാക്കി മാറ്റിയവയാണു് ബൗദ്ധിക പകർപ്പവകാശ(Intellectual Property Rights or IP Rights) പ്രഖ്യാപനരേഖകൾ.
അത്തരം രേഖകൾ സൃഷ്ടിക്കാനും പരിപാലിക്കാനും വേണ്ടി രൂപം കൊണ്ട ഒരു സ്വതന്ത്രസംഘടനയാണു് ക്രിയേറ്റീവ് കോമൺസ് (Creative Commons - CC). (CC കൂടാതെ, മറ്റു സംഘടനകളും സ്ഥാപനങ്ങളും നിയമകൂടങ്ങളും ഇത്തരം ലൈസൻസു് രേഖകൾക്കു രൂപം കൊടുക്കാറുണ്ടു്).
എല്ലാ കൃതികൾക്കും സാഹചര്യങ്ങൾക്കും ഒരേ കൂട്ടം വ്യവസ്ഥ ശരിയാവില്ല. അതിനാൽ CC തന്നെ പല വിധത്തിലുമുള്ള ലൈസൻസുകൾക്കു രൂപം കൊടുത്തിട്ടുണ്ടു്. അവയ്ക്കോരോന്നിനും കൃത്യമായ ഓരോ പേരും പതിപ്പുസംഖ്യയും (version) കൊടുത്തിട്ടുണ്ടു്.
CC-BY-SA (ക്രിയേറ്റീവ് കോമൺസ്-ആട്രിബ്യൂഷൻസ്-ഷെയർ എലൈൿ)
ഇതിൽ ക്രിയേറ്റീവ് എന്നാൽ ബൗദ്ധികമായി സൃഷ്ടിപരമായ മൂല്യമുള്ളതു് എന്നർത്ഥം. ഒരു തീവണ്ടി ഓടുന്ന ശബ്ദമോ ഒരു സർക്കാർ ഉത്തരവോ ഒരു കമ്പനിയുടെ വാർഷികറിപ്പോർട്ടോ ക്രിയേറ്റീവ് അല്ല. പക്ഷേ ഒരാൾ പാടുന്നതും ഒരു കുട്ടി വരയ്ക്കുന്നതും ഒരു പൂച്ചെണ്ടുപോലും സർഗ്ഗരചനകളാണു്.
കോമൺസ് - പൊതുജനത്തിനു് - ലോകമെങ്ങുമുള്ള ജനസാമാന്യത്തിനു്- ഉപയോഗിക്കാവുന്നതു്. ഒരു കമ്പനിയുടെ സ്വന്തം ആവശ്യത്തിനുവേണ്ടിയുണ്ടാക്കുന്ന പരസ്യങ്ങൾ, ഇന്റേർണൽ മെമ്മോകൾ, പ്രചരണസാമഗ്രികൾ, ഒരു രാജ്യത്തിന്റെ പതാക, ദേശീയഗാനം ഇവയൊന്നും ജനസാമാന്യത്തിന്റെ അവകാശമല്ല.
BY - ആട്രിബ്യൂഷൻ (കടപ്പാടിന്റെ മൂലാധാരം - സ്രോതസ്സ് വ്യക്തമായി കാണിക്കൽ)
എവിടെനിന്നാണോ ഒരു ലേഖനത്തിന്റെ അപ്പാടെയുള്ള ഉള്ളടക്കമോ കാമ്പോ ലഭിച്ചതെന്നുള്ള വ്യക്തമായ സൂചന കാണിച്ചിരിക്കണം.
ഇന്റർനെറ്റിലാണെങ്കിൽ, ഒരു URL (മൂല ലിങ്ക്) ഉണ്ടായാൽ ഈ നിബന്ധന അനുസരിച്ചു എന്നു പൊതുവേ കണക്കാക്കാം. ഒരു പുസ്തകമാണു പ്രസിദ്ധീകരിക്കുന്നതെങ്കിൽ അതിന്റെ അകത്തെ രണ്ടാമത്തെയോ നാലാമത്തെയോ താളിലോ (Verso:Colophone) ഒരു അദ്ധ്യായത്തിന്റെ / ലേഖനത്തിന്റെ അടിക്കുറിപ്പായോ പുറം‌ചട്ടയിലോ അല്ലെങ്കിൽ യോജിച്ച മറ്റെവിടെയെങ്കിലുമോ ഇക്കാര്യം പരാമർശിച്ചിരിക്കണം.
SA
ഷെയർ: സൗജന്യമായി പങ്കുവെക്കാം എന്ന പ്രാഥമിക അനുവാദം. പ്രത്യേകം സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഇങ്ങനെ പങ്കുവെക്കുന്നതു് വാണിജ്യപരമായ ലാഭത്തിനു വേണ്ടിയോ (Commercial) അല്ലാതെയോ ആവാം. NC എന്നാണു കാണുന്നതെങ്കിൽ Non-Commercial. പങ്കുവെച്ചതു് ലാഭോദ്ദേശ്യത്തോടെ വിൽക്കുകയോ വിതരണം ചെയ്യുകയോ പാടില്ല.
ചിലപ്പോൾ ND (No Derivatives) എന്നും കാണാം. പങ്കുവെക്കുന്നതു് ഒരു നേർപ്പകർപ്പായിരിക്കണം. അല്ലാതെ, അതിൽ കൂട്ടിക്കുറച്ചിലുകളോ (derivations) കൂട്ടിക്കുഴക്കലുകളോ (re-mixing) പാടില്ല എന്നർത്ഥം.
ഉദാഹരണത്തിനു് ഒരു കവിതയിലെ ഏതാനും വാക്കുകൾ എടുത്തുമാറ്റി സ്വന്തം പാരഡിയുണ്ടാക്കിക്കൂടാ. സ്ക്രീൻ ഷോട്ട് എടുത്തു് ICU ചെളിപ്പോസ്റ്റ് ഉണ്ടാക്കിക്കൂടാ. ഫോട്ടോഷോപ്പ് ചെയ്തു് തല മാറ്റി ഒട്ടിച്ചുകൂടാ. സുഡാപ്പി വിഡ്ഢിത്തപ്പോസ്റ്റ് എടുത്തു് അന്തംകമ്മി ഗീബെൽസിയൻ പോസ്റ്റോ സംഘി ആഭാസപ്പോസ്റ്റോ ആക്കിക്കൂടാ. വീഡിയോയിൽ നിന്നും കട്ട് ചെയ്തു് ഫോട്ടോയും ഫോട്ടോകൾ കൂട്ടിച്ചേർത്തു് വീഡിയോയും അരുതു്. കല്യാണവീഡിയോയിൽ സിനിമാപ്പാട്ട് ചേർക്കാവുന്നതല്ല. ഷോർട്ട് ഫിലിമിൽ ബാൿഗ്രൗണ്ട് മ്യൂസിക്കായി വെസ്റ്റേൺ ടോപ്-ഹിറ്റ് പറ്റില്ല. ആരാന്റെയും പെയിന്റിങ്ങിന്റെ ഫോട്ടോയ്ക്കൊപ്പം സെൽഫിയെടുക്കരുതു്.
അവയെല്ലാം ഡെറിവേറ്റീവ് സൃഷ്ടികളാണു്.
Alike: ഇതേ വ്യവസ്ഥകൾ പങ്കുവെച്ച പകർപ്പുകൾക്കും ബാധകമാണു്. അതായതു് പങ്കുവെക്കുമ്പോൾ ഇതേ ലൈസൻസ് അവയിലും കാണിച്ചിരിക്കണം.
ഫേസ്‌ബുക്കിലും വാട്ട്സ്‌ആപ്പിലുമൊക്കെ നാം ചെളിപ്പോസ്റ്റിട്ടും ഫോർവേഡ് ചെയ്തും കളിച്ചുകൊണ്ടിരിക്കുമ്പോൾ ഇത്രയെങ്കിലുമൊക്കെ ഓർമ്മിച്ചുവെക്കുക.
സോമേട്ടനെപ്പോലെ അമ്പതു ലക്ഷവും ഒരു കോടിയുമൊക്കെ ആരെങ്കിലും വന്നു ചോദിക്കുമ്പോൾ എടുത്തുകൊടുക്കാൻ നമ്മുടെ അച്ഛനമ്മമാർ അങ്കമാലിയിലെ പ്രധാനമന്ത്രിയൊന്നുമല്ലല്ലോ! അതുകൊണ്ടു്, പകർപ്പവകാശം പടർപ്പുതമാശയാവില്ല എന്നു് പതുക്കെപ്പതുക്കെ ധരിച്ചുവശാവുക!
ഈയൊരു പോസ്റ്റ് CC-BY-SA ആണു്. പക്ഷേ അതിനർത്ഥം ഫേസ്‌ബുക്കിൽ ഞാനെഴുതുന്നതെല്ലാം ഇത്ര തന്നെ സൗജന്യമാണെന്നല്ല. പ്രത്യേകിച്ച് പറഞ്ഞിട്ടില്ലെങ്കിൽ, ഷെയർ ചെയ്യാൻ മാത്രമാണു് ഇവിടെ അനുവാദമുള്ളതു്. അതും ഫേസ്‌ബുക്കും ഞാനും അനുവദിക്കുന്ന പോസ്റ്റുകളിൽ മാത്രം. (ഫേസ്‌ബുക്കിൽ പബ്ലിൿ ആയി പോസ്റ്റ് ചെയ്യുന്നതു് പൊതുവേ മുന്നേ ചോദിക്കാതെ ഷെയർ ചെയ്യാം.അതു പറ്റില്ലെങ്കിൽ ഷെയർ ബട്ടൺ ദൃശ്യമാവില്ല).
Viswaprabha 2018 CC-BY-SA 3.0

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...